ഈ ക്രിമിനലിനും സഹോദരനും നിങ്ങളുടെ പാര്‍ട്ടി നല്‍കിവരുന്ന സംരക്ഷണം ഇല്ലാതാക്കണമെന്ന്…

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശന വുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരയായ പെണ്‍കുട്ടി സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്‍ഗാറിനെപ്പോലുള്ള ക്രിമിനലുകള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയ അധികാരത്തിന്റെ സംരക്ഷണം ലഭിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നതായി എഫ്ഐആര്‍ വ്യക്തമാക്കുന്നു. കരുതിക്കൂട്ടിയുള്ള അപകടത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഈശ്വരനെ ഓര്‍ത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ക്രിമിനലിനും സഹോദരനും നിങ്ങളുടെ പാര്‍ട്ടി നല്‍കിവരുന്ന സംരക്ഷണം ഇല്ലാതാക്കണം. അത് ഇപ്പോഴും വൈകിയിട്ടില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ആണ് ആരോപണ വിധേയന്‍. അദ്ദേഹം ഇപ്പോഴും ബിജെപിയില്‍ തുടരുകയാണ്. ആ സ്ഥിതിക്ക് ബിജെപിയില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള നീതി പെണ്‍കുട്ടിക്ക് ലഭിക്കുമോ ഇരയുടേയും സാക്ഷികളുടേയും സുരക്ഷയില്‍ അശ്രദ്ധയുണ്ടായതെന്തുകൊണ്ടാണ് കേസിലെ സിബിഐ അന്വേഷണം എവിടെ വരെയായി എന്നും പ്രിയങ്ക ചോദിച്ചു.

അതിനിടെ, ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ഉന്നാവോ കേസിലെ പരാതിക്കാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെഴുതിയ കത്തില്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് പെണ്‍കുട്ടി കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അതേസമയം കുല്‍ദീപിനെതിരെ പരാതി നല്‍കാന്‍ പോയപ്പോള്‍ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുവിനെ കാണുന്നതിനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കുല്‍ദീപ് സിങ് സെന്‍ഗാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലാണ്.

Top