നിലപാടുകളിൽ പ്രിയങ്കയ്ക്ക് ‘രൗദ്രഭാവം’ ഇന്ദിരയുടെ പിൻഗാമിയാകാൻ ഉറച്ച് തന്നെ

രാഹുല്‍ തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ ശക്തമായി രംഗത്ത് വന്ന പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്നു. യു.പിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഗോത്രവര്‍ഗ്ഗക്കാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയാണിപ്പോള്‍ താരം. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മിര്‍സാപൂരില്‍ കുത്തിയിരുപ്പ് നടത്തിയാണ് പ്രിയങ്ക പ്രതിഷേധിച്ചിരുന്നത്.

പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തിയിരിക്കുന്നത്. പ്രിയങ്കയുടെ കുത്തിയിരിപ്പ് സമരം യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്.

നിരോധനാജ്ഞ ആയത് കൊണ്ടാണ് പ്രിയങ്കയെ തടഞ്ഞതെന്ന സര്‍ക്കാര്‍ വാദമൊന്നും കോണ്‍ഗ്രസ്സ് അംഗീകരിക്കുന്നില്ല. വിഷയം പാര്‍ലമെന്റിലടക്കം ഉന്നയിച്ച് സജീവമാക്കി നിര്‍ത്താനാണ് നേതൃത്വം ശ്രമിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യുന്ന യു.പി എങ്ങനെയും പിടിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ്സ് ഇവിടെ പയറ്റുന്നത്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. യു.പി പിടിക്കാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക അസാധ്യമാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പോടെ എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ക്ക് പ്രസക്തി നഷ്ടമായെന്നാണ് കോണ്‍ഗ്രസ്സ് വിലയിരുത്തല്‍. പ്രിയങ്ക – മോദി മത്സരം എന്നതില്‍ നിന്നും മാറി പ്രിയങ്ക – യോഗി ആദിത്യ നാഥ് മത്സരം വന്നാല്‍ അത് പ്രിയങ്കയെ തുണക്കുമെന്നാണ് കണക്ക് കൂട്ടല്‍. കോണ്‍ഗ്രസ്സ് യു.പി ഘടകം ഇതിനകം തന്നെ യു.പി യില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.

2022 ലാണ് യു.പിയിലെ നിയമസഭാ തിരഞ്ഞെടുപ്പെങ്കിലും ഇപ്പോഴേ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് പ്രിയങ്കയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. താന്‍ മത്സരിക്കുമോ എന്ന കാര്യം പ്രിയങ്ക വ്യക്തമാക്കിയിട്ടില്ലങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അവര്‍ തന്നെയാണ് ഇവിടെ ഏകോപിപ്പിക്കുന്നത്. ചെറുതും വലുതുമായ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ടാണ് പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നത്.

ഇന്ദിരാഗാന്ധിയുടെ രൂപ സാദൃശമുള്ള പ്രിയങ്ക ഗാന്ധി മത്സരക്കാനിറങ്ങുന്നത് തിരിച്ചടിയാകുമെന്ന ഭയം മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്.

ഇന്ദിരാഗാന്ധി തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും തന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരാന്‍ ഇന്ദിര ആഗ്രഹിച്ചത് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയായിലൂടെയായിരുന്നൂവെന്നും അടുത്തയിടെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇന്ദിരയുടെ വിശ്വസ്തനായിരുന്ന എം.എല്‍.ഫോട്ടേദാറിന്റെ ‘ദ ചിനാര്‍ ലീവ്‌സ്’ എന്ന പുസ്തകത്തിലാണ് ഇന്ദിര ഗാന്ധിയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ പരാമര്‍ശിയ്ക്കുന്നത്.

കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് താന്‍ ഇന്ദിരയോടൊപ്പം ജമ്മു കാശ്മീരില്‍ ഉണ്ടായിരുന്നതായും അവിടെ വച്ചാണ് പ്രിയങ്കയെക്കുറിച്ച് ഇന്ദിര പറഞ്ഞതെന്നും ഫോട്ടെദാര്‍ അവകാശപ്പെടുന്നു. അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേതാകുമെന്ന് ഇന്ദിര ഗാന്ധി പറഞ്ഞിരുന്നുവെന്നായിരുന്നു വാദം.

രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടും താന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നതില്‍ സോണിയയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും പുസ്തകത്തില്‍ ഫോട്ടേദാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് മുന്‍പേ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടിയിരുന്ന പ്രിയങ്ക സഹോദരന് വേണ്ടിയാണ് വഴിമാറി കൊടുത്തിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ രാഹുല്‍ കളംവിട്ടത് പ്രിയങ്കയെ കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

എസ്.പിയും ബി.എസ്.പിയുമാണ് ഇതോടെ വീണ്ടും വെട്ടിലായിരിക്കുന്നത്. പ്രതിപക്ഷ മഹാസഖ്യത്തിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാലിടറാന്‍ ഒരു പ്രധാന കാരണം പ്രിയങ്കയാണെന്ന ആക്ഷേപമാണ് ഈ പാര്‍ട്ടികള്‍ക്കുള്ളത്.

എസ്.പി – ബി.എസ്.പി സഖ്യം അവഗണിച്ചതിനാല്‍ ഒറ്റക്കായിരുന്നു കോണ്‍ഗ്രസ്സ് യു.പിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായിരുന്നു.എസ്.പി – ബി.എസ്.പി അണികളുടെ ആത്മവിശ്വാസം തകര്‍ക്കാനും അവരില്‍ ഭിന്നിപ്പുണ്ടാക്കാനും ബി.ജെ.പിക്ക് ഇതോടെ എളുപ്പത്തില്‍ കഴിയുകയും ചെയ്തു. ഇതാണ് അഭിപ്രായ സര്‍വേകളെ മറികടന്ന വിജയം യു.പിയില്‍ നേടാന്‍ ബി.ജെ.പിക്ക് വഴി ഒരുക്കിയിരുന്നത്.

നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലമായ അമേഠിയില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത് പ്രിയങ്കക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഈ സംഭവമാണ് യു.പി പിടിക്കുക എന്ന വാശിയിലേക്ക് അവരെ നയിച്ചിരിക്കുന്നത്. പ്രധാന പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ട് പ്രിയങ്ക യുപിയില്‍ നടത്തുന്ന ഇടപെടലുകളില്‍ എസ്.പി – ബി.എസ്.പി പാര്‍ട്ടി നേതൃത്വങ്ങള്‍ ഏറെ അസ്വസ്ഥരാണ്.

പ്രിയങ്കയുടെ ഇടപെടലുകള്‍ക്ക് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യമാണ് ഈ പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നത്. തങ്ങളുടെ അണികള്‍ പോലും കോണ്‍ഗ്രസ്സില്‍ ചേക്കേറുമോ എന്ന ഭയം അഖിലേഷ് യാദവിനും മായാവതിക്കുമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഈ മുന്‍ മുഖ്യമന്ത്രിമാര്‍ പ്രിയങ്കയുടെ പിന്നിലായി പോകുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

യുപിയില്‍ ആദിത്യനാഥ്- പ്രിയങ്ക മത്സരമാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സിന് ഇതുവഴി എളുപ്പത്തില്‍ കഴിയുകയും ചെയ്യും. നെഹ്‌റു കുടുംബത്തോട് അടുപ്പം കാട്ടുന്ന ഒരു വിഭാഗം ജനത ഇപ്പോഴും യു പിയിലുണ്ട്. ജാതീ-മത ശക്തികള്‍ വേരുറപ്പിച്ചതോടെ ചിതറിപ്പോയ ഈ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ പ്രിയങ്കക്ക് കഴിഞ്ഞാല്‍ പോരാട്ടം കനക്കും.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വരുമെന്ന് കരുതുന്ന ബി.ജെ.പിയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന നീക്കങ്ങളാണിത്. പ്രിയങ്ക കോണ്‍ഗ്രസ്സ് അധ്യക്ഷയാകുന്നതിലല്ല, യോഗി ആദിത്യനാഥിന് എതിരാളിയാകുന്നതിലാണ് ബി.ജെ.പിക്ക് ആശങ്ക. മിനി ഇന്ത്യ എന്നറിയപ്പെടുന്ന യു.പിയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചുവരവ് സാധ്യമായാല്‍ അത് ദേശീയ തലത്തിലും വലിയ പ്രതിഫലനമാണുണ്ടാക്കുക.

മാത്രമല്ല ദേശീയ തലത്തില്‍ മോദിക്ക് ഒത്ത എതിരാളിയായി പ്രിയങ്ക ഉയര്‍ന്നു വരികയും ചെയ്യും. ഈ അപകടം മുന്നില്‍ കണ്ട് ജാഗ്രത പാലിക്കാന്‍ യു.പിയിലെ ബി.ജെ.പി നേതൃത്വത്തിനും ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിയങ്കയെ ഹീറോയാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരും യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ അറസ്റ്റ് കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ വിവാദമാക്കിയ സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം.

Political Reporter

Top