ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധി മത്സരിക്കില്ലന്നു സൂചന.
പകരം രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിനുള്ള സാധ്യതകൾ കോൺഗ്രസ്സ് അദ്ധ്യക്ഷ തേടുമെന്നാണ് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി അഗങ്ങളുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങൾ നൽകുന്ന വിവരം.
ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോദി കൂടുതൽ ശക്തനാവുകയും 80 ലോക്സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന യുപിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാക്കുകയും മികച്ച നേതൃ നിരയെ രംഗത്തിറക്കുകയും ചെയ്തില്ലങ്കിൽ മോദിയുടെ തുടർ ഭരണത്തിനാണ് സാധ്യതയെന്നാണ് കോൺഗ്രസ്സ് നേതൃത്വം ചൂണ്ടി കാണിക്കുന്നത്.
സോണിയയും രാഹുലും ഒരുമിച്ച് എംപിമാരായതിനാൽ കുടുംബവാഴ്ചയായി പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ചിത്രീകരിക്കപ്പെടില്ലന്ന ആത്മവിശ്വാസവും അവർക്കിടയിലുണ്ട്.
കഴിഞ്ഞ രണ്ട് യു പി എ സർക്കാറുകളിലും പ്രധാനമന്ത്രി പദത്തിൽ മൻമോഹൻ സിംങ്ങും യു പി എ ചെയർ പേഴ്സണായി സോണിയാ ഗാന്ധിയും പ്രവർത്തിച്ചതിനാൽ അധികാരസ്ഥാനത്തെ ചൊല്ലിയുള്ള സംശയങ്ങൾക്കും അവസരമുണ്ടാകില്ലന്ന പ്രതീക്ഷയും മുതിർന്ന നേതാക്കൾക്കിടയിലുണ്ട്.
ഇതു സംബന്ധമായ എന്ത് കാര്യവും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടത് കൊണ്ട് മാത്രം നടക്കില്ലന്നും ഗാന്ധി കുടുംബം തന്നെ വിചാരിക്കണമെന്നുമുള്ളതിനാൽ സോണിയക്കും രാഹുലിനും മേൽ സമ്മർദ്ദം ശക്തമാകാനാണ് സാധ്യത.
അതേസമയം ബിജെപി ദീർഘകാലമായി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പരമാവധി ഭരണവിരുദ്ധ വികാരം ഉയർത്തി കൊണ്ടുവരുന്നതിന് ഇടപെടൽ നടത്താൻ കോൺഗ്രസ്സ് നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുജറാത്തിൽ സംവരണ പ്രക്ഷോഭകരെയും ദളിത് പ്രക്ഷോഭകരെയും കൂടെ നിർത്താനാണ് ശ്രമം. രാജസ്ഥാനിലും യോജിക്കാൻ പറ്റുന്നവരുമായി ചേർന്ന് മുന്നണിയുണ്ടാക്കാനാണ് നിർദ്ദേശം.
യുപിയിൽ സമാജ് വാദി – ബി എസ് പി – കോൺഗ്രസ്സ് സഖ്യത്തിന് മുൻകൈ എടുക്കും. മൂന്ന് കക്ഷികളും ഒരുമിച്ചാൽ വോട്ട് ഭിന്നിക്കില്ലന്നും മികച്ച നേട്ടം കൊയ്യാമെന്നുമാണ് കണക്ക് കൂട്ടൽ.
ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ നിതീഷ് കുമാറിന്റെ ജനതാദൾ (യു) വു മായും ലാല്ലു പ്രസാദിന്റെ ആർജെഡിയുമായും സഖ്യം തുടരും.
മഹാരാഷ്ടയിൽ എൻസിപി നേതാവ് ശരത് പവാറിന്റെ പാർട്ടിയുമായി ശക്തമായി മുന്നോട്ടു പോകും. കഴിഞ്ഞ ദിവസം ശരത് പവാറുമായി രാഹുൽ ഗാന്ധി കൂടികാഴ്ചയും നടത്തിയിരുന്നു.
തെലങ്കാനയിലും സീമാന്ധ്രയിലും വൈ എസ് ആർ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്നതാണ് രാഹുൽ ഗാന്ധിയുടെ താൽപര്യം. സീമാന്ധ്രയിലെ പ്രതിപക്ഷ നേതാവ് ആഡ്രയിലെ മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൻ കൂടിയായ വൈ എസ് ആർ കോൺഗ്രസ്സ് തലവൻ ജഗ് മോഹൻ റെഡ്ഡിയാണ്.
തമിഴ്നാട്ടിൽ ഡിഎംകെ – കോൺഗ്രസ്സ് സഖ്യം തൂത്ത് വാരുമെന്നാണ് ആത്മവിശ്വാസമെങ്കിലും കർണ്ണാടകയുടെ കാര്യത്തിൽ പക്ഷ,ആശങ്കയുണ്ട്. ഇവിടെ ബി ജെ പി മുന്നേറ്റമുണ്ടാക്കുമോ എന്നതാണ് ആശങ്ക. ഭരണ വിരുദ്ധ വികാരം തിരിച്ചടിയാകാതിരിക്കാൻ വിപുലമായ സഖ്യങ്ങൾ ഇവിടെയും സ്വീകരിക്കാനാണ് പദ്ധതി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ്റ്റിന്റെ മാനം കാത്ത രണ്ട് സംസ്ഥാനങ്ങളാണ് കേരളവും കർണ്ണാടകവും.
20l9-ലെ തിരഞ്ഞെടുപ്പിലും കേരളത്തിൽ നിന്നും കുറഞ്ഞത് 13 സീറ്റെങ്കിലും കോൺഗ്രസ്റ്റ് പ്രതീക്ഷിക്കന്നുണ്ട്.
ബംഗാളിൽ മമതക്കെതിരെ ഇടതുപക്ഷവുമായി ഇനിയും ധാരണക്ക് തയ്യാറാണെങ്കിലും മമതയെ ‘കൂടുതൽ’ പിണക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയാണിത്.
പ്രധാനമായും കോൺഗ്രസ്സ് ഹൈക്കമാന്റും രാഹുൽ ഗാന്ധിയും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം നൽകിയ സംസ്ഥാനങ്ങളാണിവ.
ഒറീസ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും യോജിക്കാൻ പറ്റുന്നവരുമായി യോജിപ്പിലെത്തും.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് യു പി എ വിപുലീകരിക്കാനും ദേശീയ തലത്തിൽ തന്നെ മഹാസഖ്യം രൂപപ്പെടുത്തി എൻ ഡി എക്കെതിരെ ശക്തമായ ബദൽ കൊണ്ടുവരുവാനുമാണ് ശ്രമം.
ഇടതുപക്ഷവുമായി കേരളത്തിൽ ഏറ്റുമുട്ടലാണെങ്കിലും ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ കോൺഗ്രസ്സിനൊപ്പം ചെമ്പടയും നിൽക്കുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.