പ്രയാഗ് രാജ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തിന്റെഭാഗമായി ഇപ്പോള്‍ പ്രയാഗ് രാജില്‍ നിന്ന് വരാണസിയിലേക്ക് ഗംഗാനദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രിയങ്ക.
യാത്രയ്ക്കിടയില്‍ പ്രയാഗ് രാജിലെ സ്വരാജ് ഭവന്‍ എന്ന വീട്ടിലായിരിക്കും പ്രിയങ്കയുടെ താമസം. ഈ വസതിയിലാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജനിച്ചത്. തന്റെ യാത്രയ്ക്ക് മുന്നോടിയായി മുത്തശ്ശി താമസിച്ച മുറിയുടെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രിയങ്ക.
”സ്വരാജ് ഭവന്‍ എന്ന വീട്ടിലിരിക്കുമ്പോള്‍ എന്റെ ദാദി ജനിച്ച മുറി എനിക്ക് കാണാം. എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ദാദി എനിക്ക് ജോവാന്‍ ഓഫ് ആര്‍ക്കിന്റെ കഥ പറഞ്ഞു തരുമായിരുന്നു.. ദാദിയുടെ ശബ്ദം ഇന്നും എന്റെ ഹൃദയത്തില്‍ പ്രതിദ്ധ്വനിക്കുന്നുണ്ട്. എല്ലാ ദിവസവും എന്നോട് പറയാറുണ്ടായിരുന്നു, ഭയരഹിതയായിരിക്കുക, എല്ലാക്കാര്യങ്ങളും ശരിയായി വരും.” പ്രിയങ്ക ഗാന്ധി ചിത്രത്തിനൊപ്പം പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പവും മഹാത്മാഗാന്ധിക്കൊപ്പവും ഇന്ദിര നില്‍ക്കുന്ന ഫോട്ടോയും ഈ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 1917 നവംബര്‍ 19 നാണ് ഇന്ദിരാഗാന്ധി ജനിച്ചത്.