നിരപരാധികളായ സാധാരണക്കാര്‍ യാത്ര ചെയ്ത വിമാനം വെടിവെച്ചിട്ടെന്ന് കുറ്റസമ്മതം നടത്തിയതോടെ ഇറാനില്‍ ഭരണകൂടത്തിന് എതിരായ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യം കുറവുള്ള ഇറാനില്‍ പ്രതിഷേധക്കാരെ കൊല്ലരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉപദേശം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടും മുന്‍പ് സര്‍ക്കാര്‍ അനുകൂല ആയുധധാരികള്‍ തെഹ്‌റാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു.
അയാത്തൊള്ളാ ഭരണകൂടത്തിന് എതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വേദിയാകുന്ന ഇറാന്‍ തലസ്ഥാനത്താണ് പ്രതിഷേധക്കാരെ സര്‍ക്കാര്‍ അനുകൂലികള്‍ വെടിവെച്ച് വീഴ്ത്തിയത്. വെടിയേറ്റ് ചോരയൊലിപ്പിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രശസ്തമായ ആസാദി സ്‌ക്വയറില്‍ വെടിയേറ്റ് വീണ സ്ത്രീക്ക് ചുറ്റും ആളുകള്‍ ഒത്തുകൂടുമ്പോള്‍ കൈയില്‍ തോക്കുമായി ഓടിരക്ഷപ്പെടുന്ന ആളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച 176 യാത്രക്കാരുമായി പറന്ന യാത്രാവിമാനം അബദ്ധത്തില്‍ തങ്ങളുടെ മിസൈല്‍ തകര്‍ത്തെന്ന് ഇറാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ച് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്ന അവസ്ഥയുണ്ടാകരുത്, ഇന്റര്‍നെറ്റും റദ്ദാക്കരുത്, ലോകം നിങ്ങളെ വീക്ഷിക്കുന്നുണ്ട്’, ട്രംപ് ഓര്‍മ്മിപ്പിച്ചു.
ഇറാന്റെ പരമോന്നത നേതാവിനെതിരെ പ്രതിഷേധവുമായി അമിര്‍കബിര്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റി ഗേറ്റില്‍ വിദ്യാര്‍ത്ഥികളും ഒത്തുകൂടി. നഗരത്തില്‍ ഇറങ്ങിയ പ്രതിഷേധക്കാര്‍ രാത്രിയോടെ അയാത്തൊള്ളയുടെയും, കൊല്ലപ്പെട്ട ജനറല്‍ കാസെം സൊലേമാനിയുടെയും പോസ്റ്ററുകള്‍ വലിച്ചുകീറി തീകൊളുത്തി. ‘ഖമേനിക്ക് മരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേനകള്‍ റബര്‍ ബുള്ളറ്റും, ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഇറാന്‍ സൈന്യത്തിന്റെ പാരാമിലിറ്ററി വോളണ്ടിയര്‍ ഗ്രൂപ്പായ ബാസിജിനെ രംഗത്തിറക്കിയെന്നാണ് റിപ്പോര്‍ട്ട്.