കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്ഷേത്ര ഭിത്തിയുടെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്നും നെവാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്സ് ഡിവിഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.
സ്വാമിനാരായണ ക്ഷേത്രത്തിന്റെ പുറംചുവരുകളിലാണ് ഖാലിസ്ഥാന്‍ അനുകൂലികള്‍ ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയത്. പുറം ഭിത്തിയില്‍ ചുവരെഴുത്തുകള്‍ കണ്ടെത്തിയ ക്ഷേത്ര ഭരണസമിതി പ്രാദേശിക അധികാരികളെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ വാദം.