ഓസ്‌ട്രേലിയയിൽ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം അക്രമിച്ചു; ചുവരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

ദില്ലി: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. മെൽബണിലെ സ്വാമി നാരായണ ക്ഷേത്രം ആക്രമിച്ച അജ്ഞാതർ അതിന്റെ ചുവരുകൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് അലങ്കോലപ്പെടുത്തി. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ ആണെന്ന് മെൽബൺ പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ചുവരെഴുത്തുകളും കേടുപാടുകളും ശ്രദ്ധയിൽ പെട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ആക്രമണത്തെ ക്ഷേത്ര അധികൃതർ അപലപിച്ചു. ഖലിസ്ഥാൻ അനുകൂലികളുടെ ക്രൂര പ്രവൃത്തിയിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും ക്ഷേത്ര അധികാരികൾ പ്രതികരിച്ചു. മെൽബണിലെ വടക്കൻ പ്രാന്തപ്രദേശമായ മിൽ പാർക്കിലെ പ്രമുഖ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ചുവരുകളിലാണ് ഹിന്ദുസ്ഥാൻ മുർദാബാദ് അടക്കമുള്ള മുദ്രാവാക്യങ്ങൾ എഴുതുകയും അപകീർത്തികരമായ ചിത്രങ്ങൾ വരച്ചിടുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഓസ്ട്രേലിയയിലെ ഹൈന്ദവ സമൂഹം എംപിമാർക്കും പൊലീസിനും ഔദ്യോഗികമായി പരാതി നൽകിയുട്ടെണ്ടെന്നും ആക്രമണത്തെ അധികൃതർ അപലിച്ചതായും ഓസ്ട്രേലിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം വിക്ടോറിയയിലെ സമാധാനപരമായി ജീവിക്കുന്ന ഹിന്ദു സമൂഹത്തിന് വളരെയധികം വിഷമമുണ്ടാക്കുന്നുവെന്നും അക്രമത്തിൽ അപലപിക്കുന്നതായും നോർത്തേൺ മെട്രോപൊളിറ്റൻ റീജിയണിലെ ലിബറൽ എംപി ഇവാൻ മൾഹോളണ്ട് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ചുവരെഴുത്തുകളിൽ വിമർശനമുണ്ടെന്നും ഖലിസ്ഥാൻ വാദിയായ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ പ്രശംസിക്കുന്ന കുറിപ്പുകളും ക്ഷേത്രത്തിൽ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ കാനഡയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിലും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളുമായി ‘കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ’ വികൃതമാക്കിയിരുന്നു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top