ദില്ലി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്താന്‍ അനുകൂല ചുവരെഴുത്ത്. സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാന്‍ സംഘടന പുറത്തു വിട്ടു. ദില്ലി പൊലീസ് സ്‌പെഷ്യല്‍ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ദില്ലിയില്‍ ശിവാജി പാര്‍ക്ക് ഉള്‍പ്പെടെ അഞ്ചിടങ്ങളിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജി20 ഇന്ത്യയില്‍ നടക്കുന്നതിനെതിരെയാണ് ചില മുദ്രാവാക്യങ്ങള്‍. മുദ്രാവാക്യങ്ങള്‍ എഴുതിയ ഒരു വീഡിയോയും സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ജി20 ദില്ലിയില്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂര്‍ണ്ണമായും നീക്കം ചെയ്തു. എന്നാല്‍ ആരാണ് ഇതെഴുതിയത് എന്നും എങ്ങനെയാണ് ദൃശ്യങ്ങളടക്കം സിഖ് സംഘടനകള്‍ക്ക് ലഭിച്ചത് എന്നതുള്‍പ്പെടെ ദില്ലി പൊലീസ് പരിശോധിച്ച് വരികയാണ്. വളരെ ഗൗരവകരമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു.