തിരുവനന്തപുരം : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമൊരുക്കുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ് ഉത്തരവിട്ടത്.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാതിയിലാണ് നടപടി. ഷുഹൈബിനെ കൊന്ന കേസിലെ പ്രതികളായ ആകാശ് തില്ലങ്കരിയടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നായിരുന്നു പരാതി.
പതിനൊന്ന് പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഈ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകള്‍ പൂട്ടാറില്ലെന്ന് സുധാകരന്റെ പരാതിയില്‍ പറയുന്നു. പ്രതിയായ ആകാശ് തില്ലങ്കേരി ജയില്‍ അധികാരിയെപോലെ പെരുമാറുന്നു. കൂത്ത്പറമ്പ് സ്വദേശിനിയായ യുവതിക്ക് ആകാശിനെ സന്ദര്‍ശിക്കാന്‍ മൂന്ന് ദിവസത്തിനികം പന്ത്രണ്ട് മണിക്കൂറാണ് അനുവദിച്ചത്. സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സ്ഥലത്തുവച്ചായിരുന്നു കൂടിക്കാഴ്ചയെന്നും സുധാകരന്‍ പരാതിയില്‍ ആരോപിച്ചിരുന്നു.