കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചിലര്‍ കുടുക്കിയതാണെന്ന് നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ ജൂണിലാണ് ദിലീപ് പ്രതി ചേര്‍ക്കപ്പെടുന്നത് ഇത് ശരിക്കും അയാളെ കുടുക്കുകയാണ് ചെയ്തിട്ടുള്ളത്. അയാളെക്കൊണ്ട് അങ്ങനെയൊരു കാര്യം ചെയ്യാന്‍ കഴിയില്ല. നൂറ് ശതമാനവും അങ്ങനെ വിശ്വസിക്കുന്നയാളാണ് താനെന്നും സുരേഷ് കുമാര്‍ പറയുന്നു. കുടുക്കിയത് സിനിമയിലുള്ളവരാവാം പുറത്തുള്ളവരാവാം. അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
‘എന്റെ ചിത്രത്തില്‍ കൂടിയാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തുന്നത്. അന്നുമുതല്‍ എനിക്കറിയാവുന്ന പയ്യനാണ്. അയാള്‍ ഒരിക്കലും ഇങ്ങനെ മോശപ്പെട്ടൊരു കാര്യത്തിനു പോകുമെന്ന് വിശ്വസിക്കുന്നില്ല. പുള്ളിതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യില്ല. ഇതെന്റെ അഭിപ്രായമാണ്,’ സുരേഷ് കുമാര്‍ വ്യക്തമാക്കി.
നടിയെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് താന്‍. അവരെ വിളിച്ചിരുന്നു, ആ കുട്ടിയോട് നൂറ് ശതമാനം സങ്കടമുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ ബാക്ക് ഗ്രൗണ്ടുള്ളവനാണ്. പള്‍സര്‍ സുനിയെപ്പോലൊരാള്‍ ഇതും ചെയ്യും ഇതിലധികവും ചെയ്യും. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് കണ്ടെത്തേണ്ടത്. പോലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ല. ദിലീപ് സുഹൃത്ത് മാത്രമല്ല അനിയനെപ്പോലെയാണ്. അദ്ദേഹം ഇത് ചെയ്തിട്ടില്ലെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സമയമാണിത്. സംഘടനാതലത്തില്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ വിവാദമായിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്ന പോലൊരു സംഭവവുമൊക്കെ മലയാള സിനിമയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മലയാള സിനിമയില്‍ എന്നും പ്രതിസന്ധിയും പ്രശ്‌നവുമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പലതും മാധ്യമങ്ങളാണ് പെരുപ്പിച്ച് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.