കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം വ്യാജപ്രചരണം നടത്തുന്നതായി നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചതെന്നും ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകള്‍ പുറത്തുവിട്ട നിര്‍മാതാക്കള്‍ ആവശ്യമെങ്കില്‍ തെളിവായിട്ടുള്ള രേഖകള്‍ പുറത്തുവിടുമെന്നും പറഞ്ഞു. ഇന്ന് വൈകീട്ട് നടക്കുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം തുടര്‍ നടപടിയിലേക്ക് പോകുമെന്നും നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിന്‍ ഉല്ലാസം സിനിമയ്ക്ക് കരാര്‍ നല്‍കിയത്. 45 ലക്ഷം നല്‍കിയാലെ ചിത്രം ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടത്.
ഷെയ്ന്‍ നിഗം വിഷയത്തില്‍ ഒരുപാട് നിര്‍മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഷൂട്ടിങ് സംബന്ധിച്ചുണ്ടാക്കിയ രേഖകള്‍ ഫിലിം ചേമ്പറില്‍ സമര്‍പ്പിച്ചതാണ്. അതില്‍ ഒരിക്കലും തിരുത്ത് വരുത്താന്‍ സാധിക്കുകയില്ല. തിരുത്തി എന്ന ആരോപണം തെറ്റാണ്. തികച്ചും അനാവശ്യമായ ഒരു പ്രശ്നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത് -നിര്‍മാതാക്കള്‍ പ്രതികരിച്ചു.