ഭ്രമയുഗത്തിലെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍; ‘കുഞ്ചമണ്‍ പോറ്റി മാറ്റി കൊടുമോണ്‍ പോറ്റി എന്നാക്കും’

മ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമായ ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ അപേക്ഷ നല്‍കി അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമണ്‍ പോറ്റിയെന്നാക്കാന്‍ അപേക്ഷ നല്‍കി. അണിയറ പ്രവര്‍ത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം. പുഞ്ചമണ്‍ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്ക്കെതിരെ ഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ നാളെ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചതായാണ് വിവരം. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നായിരുന്നു ആരോപണം.

സിനിമയുടെ ടീസര്‍ മാത്രം കണ്ടാണ് ആരോപണമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തങ്ങളുടെ കുടുംബപ്പേര് ഇപ്രകാരം ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുന്‍പാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതോടെയാണ് കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.

Top