‘പഠാന്‍’ നേടിയ റെക്കോര്‍ഡ് വിജയം ആഘോഷിക്കാന്‍ നിര്‍മ്മാതാക്കള്‍; വെള്ളിയാഴ്ച ഒറ്റ നിരക്കില്‍ ടിക്കറ്റ്

ഠാന്‍ സിനിമ നേടിയ അവിസ്മരണീയ വിജയം ആഘോഷിക്കാന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ്. ഒരു ബോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന നെറ്റ് ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു പഠാന്‍. ഹിന്ദിക്ക് പുറമെ പഠാന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 502.45 കോടിയാണ് (നെറ്റ്). ഒരു ബോളിവുഡ് ചിത്രം ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ഇത് ആദ്യമായാണ്. വിജയം ആഘോഷിക്കാന്‍ ഈ വരുന്ന വെള്ളിയാഴ്ച (17) തിയറ്ററുകളില്‍ പഠാന്‍ ദിനമായി കൊണ്ടാടാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇതുപ്രകാരം രാജ്യമൊട്ടാകെ അന്നേദിവസം ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് ഏകീകരിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളായ പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നിവയുടെ തിയറ്ററുകളിലും പങ്കെടുക്കുന്ന മറ്റു തിയറ്ററുകളിലും വെള്ളിയാഴ്ച ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്ക് 110 രൂപ ആയിരിക്കും. ട്വിറ്ററിലൂടെയാണ് യാഷ് രാജ് ഫിലിംസിന്റെ പ്രഖ്യാപനം.

അതേസമയം വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 365 കോടി. ഇതുകൂടി ചേര്‍ത്ത് ചിത്രം ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യണ്‍ ആണ്. അതായത് 970 കോടി രൂപ. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെ അറിയിച്ചിരിക്കുന്ന കണക്കുകളാണ് ഇവ. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top