റോയല്‍റ്റിയുടെ വിഹിതം തരണം’, ഇളയരാജയ്ക്കെതിരെ സിനിമ നിര്‍മാതാക്കള്‍

താന്‍ സംവിധാനം ചെയ്ത ഗാനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന ഗായകര്‍ റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട ഇളയരാജയ്ക്കെതിരെ തമിഴ് സിനിമ നിര്‍മാതാക്കള്‍ കോടതിയില്‍. ഇളയരാജയ്ക്കു ലഭിക്കുന്ന റോയല്‍റ്റിയില്‍ നിന്നുള്ള വിഹിതം നിര്‍മാതാക്കള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ റോയല്‍റ്റി നടത്തണമെന്നുമായിരുന്നും ഇളയരാജ ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമ നിര്‍മിച്ചാല്‍ മാത്രമെ സിനിമ പാട്ടുകള്‍ ഉണ്ടാകു എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സംഗീത സംവിധായകരെ തീരുമാനിക്കുന്നത് നിര്‍മാതാക്കളാണ്. അതിന് പ്രതിഫലവും നല്‍കുന്നുണ്ട്. അതുകൊണ്ട് സിനിമയിലെ സംഗീതവും നിര്‍മാതാവിന് മാത്രം അവകാശപ്പെട്ടതാണെന്നാണ് നിര്‍മാതാക്കളുടെ വാദം. പിടി ശെല്‍വകുമാര്‍ അടക്കം ആറ് സംവിധായകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്റെ പാട്ടുകളുടെ ഉമടസ്ഥാവകാശം ഇളയരാജ എക്കോ കമ്പനിക്കു നല്‍കിയപ്പോള്‍ 50% റോയല്‍റ്റി നിര്‍മാതാക്കള്‍ക്കു ലഭിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഒരു നിര്‍മാതാവിനും ഇതു ലഭിച്ചിട്ടില്ലെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നത്.

തന്റെ പാട്ടു പാടിയതിനു പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തന്റെ ഗാനങ്ങള്‍ നീക്കണമെന്ന് കരോക്കെ മൊബൈല്‍ ആപ്പായ സ്മ്യൂളിനോടും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. സ്മ്യൂള്‍ ഉപഭോക്താവിനോട് പണമീടാക്കുന്നുണ്ടെന്നും അനുവാദം കൂടാതെ സ്മ്യൂള്‍ ഇത് ഉപയോഗിക്കുന്നത് പകര്‍പ്പവകാശലംഘനമാണന്നുമായിരുന്നു ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്റ് അന്നു വ്യക്തമാക്കിയിരുന്നത്.

Top