ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനി പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കും; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

വീണ്ടും പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്. ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനി പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കും. ഇതില്‍ ചാറ്റ് വിന്‍ഡോയിലെ കോണ്‍ടാക്റ്റ് നെയിമിനു താഴെയായി സ്റ്റാറ്റസും ലാസ്റ്റ് സീനും കാണിക്കും. ആന്‍ഡ്രോയിഡിലുള്ള വാട്സ്ആപ്പ് ബീറ്റയില്‍ ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങി.

ഉപയോക്താക്കള്‍ ഓഫ്‌ലൈനിലാണെങ്കില്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവര്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും. ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗം ചെക്ക് ചെയ്യാന്‍ ഇത് സഹായിക്കും. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

ഐഒഎസില്‍ ഫീച്ചര്‍ എപ്പോഴെത്തുമെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോര്‍ട്ട്കട്ട് ബട്ടണ്‍ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്‌സ് ചാറ്റുകള്‍, ഇമെയില്‍ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വാട്സ്ആപ്പ് എഐ ചാറ്റ്‌ബോട്ടിന്റെ വാര്‍ത്ത പുറത്തുവന്നത്. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്.

Top