കോഴിക്കോട് 12 ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ

കോഴിക്കോട്: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 25 ശതമാനത്തിന് മുകളിലെത്തിയ കുരുവട്ടൂര്‍, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂര്‍, അരിക്കുളം, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം ജില്ല കലക്ടര്‍ എസ്. സാംബശിവറാവു നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിറക്കിയത്.

ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടരുത്. വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി. ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ ഇവന്റ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യുകയും റാപ്പിഡ് റെസ്‌പോണ്‍സ് ടീം, സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍, പൊലീസ് എന്നിവരെ അറിയിക്കുകയും വേണം. അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല. അവശ്യ സര്‍വിസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.

12 ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലും ഉപജീവനമാര്‍ഗങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ രാത്രി ഏഴു വരെ മാത്രമേ അനുവദിക്കൂ. രാത്രി ഒമ്പതു വരെ പാഴ്‌സല്‍ നല്‍കാം. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ആര്‍.ആര്‍.ടികളും സെക്ടറല്‍ മജിസ്‌ട്രേട്ടുമാരും ഉറപ്പുവരുത്തും. പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സ്ഥാപനം അടച്ചിടുകയോ അല്ലെങ്കില്‍ വിഷയത്തിന്റെ ഗൗരവമനുസരിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുകയോ ചെയ്യും.

 

Top