കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ നീട്ടി; ഉപാധികളോടെ ഇളവുകള്‍ അനുവദിച്ചു

prohibition

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇന്നു മുതല്‍ ഇളവ്. കത്തുവ സംഭവവുമായി ബന്ധപ്പെട്ട് സാമുദായിക സമാധാനം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പൊലീസ് ആക്ടിലെ 78, 79 വകുപ്പുകള്‍ പ്രകാരം പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ച ഉത്തരവാണ് പരിഷ്‌കരിച്ചിരിക്കുന്നത്.

പൊലീസ് ആക്ട് 79ാം വകുപ്പിലെ ഉപവകുപ്പ് ഒന്നു പ്രകാരമാണ് ഇളവ്. പൊലീസിന്റെ അനുമതിയോടെ സിറ്റി പൊലീസ് പരിധിയില്‍ പ്രകടനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, റാലികള്‍, മാര്‍ച്ച് തുടങ്ങിയവ നടത്താമെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഇവ സംഘടിപ്പിക്കുന്നതിനു സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് കുറഞ്ഞത് ഒരാഴ്ച മുന്‍പ് എങ്കിലും പരിപാടിയുടെ ഉദ്ദേശലക്ഷ്യം, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, സ്ഥലം, സമയം, റൂട്ട് തുടങ്ങി മുഴുവന്‍ വിവരങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 14 ദിവസത്തേക്കാണ് ഈ ഉത്തരവിനു പ്രാബല്യം.

സാമുദായിക സംഘര്‍ഷ നിലയില്‍ അയവു വന്നതായും ക്രമസമാധാന നില പൂര്‍വ സ്ഥിതി പ്രാപിച്ചതായും സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചത്.

അതേസമയം, സിറ്റി പരിധിയിലെ പ്രത്യേക രാഷ്ട്രീയ സാമുദായിക സാഹചര്യം കണക്കിലെടുത്തും ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അനുസരിച്ചും നിരോധനാജ്ഞ പൂര്‍ണമായും പിന്‍വലിക്കേണ്ടെന്ന തീരുമാനത്തിലാണ് സിറ്റി പൊലീസ് മേധാവി.

Top