ശബരിമല : ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ് തടഞ്ഞു.
നിലയ്ക്കലിലേക്ക് പോകാനെത്തിയ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയിലാണ് തടഞ്ഞത്. നിലയ്ക്കലിനു മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് ഇലവുങ്കല്‍ കവല. നിലയ്ക്കല്‍ ബേസ് കാംപ് വരെ മാധ്യമങ്ങളെ പോകാന്‍ അനുവദിക്കൂവെന്ന് പൊലീസ് അറിയിച്ചു.
നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നിരുന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
എഡിജിപിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്.