പദ്ധതികള്‍ കൂടുതല്‍ ജനകീയവും സുതാര്യവും, പുരോഗതികള്‍ ഇനി നേരിട്ടറിയാമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തികളില്‍ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ല്‍ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം വഴി ലഭ്യമാകും. എപ്പോള്‍ പ്രവൃത്തി തുടങ്ങും, അവസാനിക്കും, എത്ര ശതമാനം പുരോഗമിച്ചു എന്നതെല്ലാം ഈ ഡാഷ് ബോര്‍ഡില്‍ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈന്‍ ഉണ്ടാകും. കരാറുകാര്‍ക്ക് അവരുടേതായ ആയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവസരം നല്‍കുന്നുണ്ട്.

വകുപ്പു മേധാവി, ജില്ലാകലക്ടര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെട്ട വിവരങ്ങള്‍ ഇതില്‍ അപ്‌ഡേറ്റ് ചെയ്യാനാകും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്.

എംഎല്‍എ മാര്‍ക്കും ജനങ്ങള്‍ക്കു എല്ലാം ഇത് പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്താനും സാധിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Top