ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും മുതിര്‍ന്ന അഭിഭാഷകയുമായ അസ്മ ജഹാംഗീര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലഹോറില്‍ ആയിരുന്നു അന്ത്യം. 1952ല്‍ ജനിച്ച ജഹാംഗീര്‍ ജീസസ് മേരി കോണ്‍വെന്റ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, 1978ല്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിയും നേടി.
1987ല്‍ പാക്കിസ്ഥാനിൽ രൂപീകരിച്ച ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ സഹസ്ഥാപകയും, 1993 വരെ ഇതിന്റെ സെക്രട്ടറി ജനറലുമായിരുന്ന അസ്മ ജഹാംഗീര്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സഭയിലും ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ സംഘടനയിലും അസ്മ പ്രവർത്തിച്ചിട്ടുണ്ട്.
പട്ടാള ഭരണകാലത്ത് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ ഇവർ വീട്ടുതടങ്കലില്‍ ആവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. 2007ലെ അടിയന്തരാവസ്ഥ കാലത്തും വീട്ടുതടങ്കല്‍ അനുഭവിച്ചു. ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിലെ ഒരാളായിരുന്നു അസ്മ ജഹാംഗീര്‍.