പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ആര്‍.എസ്. ശിവാജി അന്തരിച്ചു

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആര്‍.എസ്. ശിവാജി (66) അന്തരിച്ചു. നിരവധി തമിഴ് സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഹസംവിധായകന്‍, സൗണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.സെപ്റ്റംബര്‍ 1ന് പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനില്‍ അഭിനയിച്ചിരുന്നു. നടനും നിര്‍മാതാവുമായിരുന്ന എം.ആര്‍. സന്താനത്തിന്റെയും ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത്, 1981 ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. കമല്‍ ഹാസന്‍ നായകനായ 1980 കളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശിവാജിയെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയത്.

അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കള്‍ മദന കാമരാജന്‍, അന്‍പേ ശിവം, കൊലമാവു കോകില, ഉന്നൈപ്പോല്‍ ഒരുവന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കമല്‍ ഹാസന്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലും ശിവാജിക്ക് വേഷമുണ്ടായിരുന്നു. ഇന്നലെ പുറത്തെത്തിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആര്‍ എസ് ശിവാജി അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ഹരീഷ് കല്യാണിന്റെ ദരള പ്രഭു, സൂരറൈ പോട്ര്, ഗാര്‍ഗി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

Top