ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബര്‍ അറസ്റ്റില്‍

നോയിഡ: ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബര്‍ അറസ്റ്റില്‍. എല്‍വിഷ് യാദവിനെ(26) നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. സൂരജ്പുരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ എല്‍വിഷിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

2023 നവംബര്‍ മൂന്നിന് സെക്ടര്‍ 51-ല്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം എത്തിച്ചതിന് ബിജെപി എംപി മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടന നല്‍കിയ പരാതിയില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അഞ്ച് മൂര്‍ഖന്‍ പാമ്പടക്കം ഒമ്പതുപാമ്പുകളെയാണ് ഇവരുടെ പക്കല്‍നിന്ന് പിടികൂടിയത്. 20 മില്ലി പാമ്പിന്‍ വിഷവും കണ്ടെത്തി. സംഭവസ്ഥലത്ത് എല്‍വിഷ് ഇല്ലായിരുന്നതിനാല്‍ അറസ്റ്റുചെയ്തില്ല.

കേസുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു എല്‍വിഷിന്റെ നിലപാട്. ഐപിസി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷന്‍ 9, 39, 48 എ, 49, 50, 51 എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top