മില്‍മ പാലിന്റെ വില കൂട്ടാന്‍ ഒരുങ്ങുന്നുവെന്ന പ്രചരണം തെറ്റെന്ന് മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാന്‍ കെ എസ് മണി. മില്‍മ ഉത്പന്നങ്ങള്‍ വീട്ടു പടിക്കലെത്തിക്കാനുള്ള ശ്രമത്തിലാണ്. മുഖം മിനുക്കി വിപണി കീഴടക്കുകയാണ് മില്‍മ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലിന്റെ വില കൂട്ടാന്‍ മില്‍മ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജമാണെന്നാണ് ചെയര്‍മാന്‍ ജിഎസ് മണി പറയുന്നത്.

ഇത്തരത്തിലൊരു ചര്‍ച്ചയും മില്‍മയിലോ സര്‍ക്കാര്‍ തലത്തിലോ നടന്നിട്ടില്ല. കടുത്ത മത്സരം നേരിടുന്ന കാലത്ത് മില്‍മയുടെ പലവിധ ഉത്പന്നങ്ങളിലൂടെ വിപണി കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. അധികം വരുന്ന പാല്‍, പൊടിയാക്കി മാറ്റാന്‍ കഴിയുന്ന പ്ലാന്റിന്റെ നിര്‍മ്മാണം മലപ്പുറത്ത് പുരോഗമിക്കുകയാണ്.

അടുത്ത വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ മറ്റിടങ്ങളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയര്‍മാന്‍ പറയുന്നു. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനും മില്‍മ ലക്ഷ്യമിടുന്നുണ്ട്.

Top