കാലിക്കറ്റ് സർവകലാശാല വി.സിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ; കടുത്ത നടപടിയിലേക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനറുകള്‍ നീക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെ അതിഥിമന്ദിരത്തിലേക്ക് ഞായറാഴ്ച രാത്രി വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടി. സര്‍വകലാശാല ഭരണം പരാജയമാണെന്നു പറഞ്ഞ് വൈസ് ചാന്‍സലറെ ഗവര്‍ണര്‍ ശകാരിക്കുകയുംചെയ്തു.

ക്യാമ്പസില്‍ ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും രാജ്ഭവന്‍ ആരോപിച്ചിരുന്നു.

വാക്കാലുള്ള വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ വി.സി.ക്കെതിരേ കടുത്ത നടപടിയിലേക്കു നീങ്ങുമെന്നും സൂചനയുണ്ട്. 24 മണിക്കൂറിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.

Top