യുഎപിഎ പിന്‍വലിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍; പ്രതികളെ കസ്റ്റഡിയില്‍ വേണം

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാകാവില്‍ രണ്ട് നിയമ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത കേസില്‍ യുഎപിഎ പിന്‍വലിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

യുവാക്കള്‍ക്ക് നേരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസില്‍ കൂടുതല്‍ അന്വേഷണങ്ങളും പരിശോധനയും ആവശ്യമാണെന്നും ഇതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക.

അതേസമയം, ജയിലില്‍ യുവാക്കളെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കി. രണ്ട് അഭിഭാഷകര്‍ക്ക് സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് അപേക്ഷ.

പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.

Top