ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മേലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.
2018 ഏപ്രില്‍ ഒന്നിന് ശേഷം പുതുതായെത്തുന്ന മോഡലുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ നിലവിലുള്ള മോഡലുകളുടെ പരിഷ്‌കൃത പതിപ്പുകള്‍ എബിഎസ് ഇല്ലാതെ വിറ്റഴിച്ചിരുന്നു. ഇത്തരം മോഡലുകള്‍ എബിഎസിലേക്ക് മാറ്റാന്‍ ഇനി മൂന്ന് മാസ കാലാവധി മാത്രമാണ് ബാക്കിയുള്ളത്. മിക്ക കമ്പനികളും നിരത്തിലുള്ള പ്രധാന മോഡലുകളിലെല്ലാം എബിഎസ് പരിരക്ഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന മോഡലുകളില്‍ 2019 മാര്‍ച്ച് 31ന് മുന്‍പ് എബിഎസ് ഉള്‍പ്പെടുത്തണം.
വേഗത്തില്‍ വരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിടുകയാണെങ്കില്‍ ബ്രേക്കിന്റെ പ്രവര്‍ത്തനം മൂലം ടയറുകളുടെ കറക്കം നില്‍ക്കും. എന്നാല്‍ വേഗതമൂലം വാഹനം നില്‍ക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളില്‍ ചെന്നിടിക്കുകയും അപകടം ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ഇത്തരം സാഹചര്യം എബിഎസ് ഇല്ലാതാക്കും. ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളില്‍ നല്‍കുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.