സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരെയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതും, അതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് രംഗം. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്നും അങ്ങനെയെങ്കില്‍ സിനിമകളില്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നഡക്കാര്‍ നിങ്ങളെ തല്ലണം എന്നും ട്വിറ്ററില്‍ ചോദ്യമുയരുന്നു.
തമിഴ്, തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാന്‍ പറയുകയും ചെയ്യുന്നത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്നാണ് ആവശ്യപ്പെടുന്നത്. സിനിമയുടെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.
നവംബര്‍ 2ന് ആമസോണ്‍ പ്രൈം വഴി പ്രദര്‍ശനത്തിനെത്തിയ ‘ജയ് ഭീം’ സംവിധാനം ചെയ്തത് ടി.ജെ ജ്ഞാനവേല്‍ ആണ്. 93ല്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. രജിഷ വിജയന്‍, ലിജോമോള്‍ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.