പെരിയാറിനെ അവഹേളിച്ചു; രജനീകാന്തിന്റെ കോലം കത്തിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: മധുരയില്‍ നടന്‍ രജനീകാന്തിന്റെ കോലം കത്തിച്ച് പ്രതിഷേധം. പെരിയാര്‍ ഇ.വി രാമസ്വാമിയെ അപമാനിച്ചെന്നാരോപിച്ചാണ് ഡിവികെ പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. വിവാദ പ്രസ്താവനയില്‍ രജനീകാന്ത് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി 1971 ല്‍ പെരിയാര്‍ റാലി നടത്തി എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. ഇതു സംബന്ധിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം അംഗങ്ങള്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ജനുവരി 14ന് ചെന്നൈയില്‍വച്ച് നടന്ന, തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണര്‍ സുമിത് ശരണിന് നല്‍കിയ പരാതിയില്‍ നെഹറുദാസ് ആരോപിച്ചത്.

താരത്തിന്റെ രാഷ്ട്രീയ പ്രവേശനചര്‍ച്ചകള്‍ തമിഴ്‌നാട്ടിലടക്കം ചൂടേറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം എന്നത് ശ്രദ്ധേയമാണ്.

Top