ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലം സിഐ സുധീറിനെതിരെ പ്രതിഷേധം കനക്കുന്നു. ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടക്കുന്ന കോൺഗ്രസും വിദ്യാർത്ഥി സംഘടനകളും സുധീറിൻ്റെ കോലം കത്തിച്ചു. നേതാക്കളുമായി ഡിഐജി നീരജ് കുമാർ ഗുപ്ത കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീറിനെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് നൽകിയിട്ടില്ല. ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
പ്രതിഷേധ സമരത്തിനിടെ ഡിഐജിയുടെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ചർച്ചക്കായി സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് വാഹനം തടഞ്ഞത്. ഇതിനിടെ സമരക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിക്കാൻ പൊലീസ് തയ്യാറെടുക്കുന്നു എന്ന് അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് സമരക്കാർ ജലപീരങ്കിക്കുപയോഗിക്കുന്ന വാഹനത്തിനു മുകളിൽ കയറി പ്രതിഷേധിച്ചു.
മോഫിയയുടെ മരണത്തിൽ ഡിവൈഎസ്പി, എസ്പിക്ക് റിപ്പോർട്ട് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.മോഫിയയുടെ മരണത്തിൽ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രം സിഐക്കെതിരെ നടപടിയെന്നും എസ്പി വ്യക്തമാക്കി. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ സിഎൽ സുധീർ ഇപ്പോഴും ആലുവ ഓഫിസറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലുവ സിഐ സിഎൽ സുധീറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. ഗാർഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി. രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും പരാതിക്കാരി ആരോപിച്ചു. ‘എടീ’ എന്ന് വിളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ ആക്രോശിച്ചു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആലുവ സ്വദേശിനിയുടെ ആരോപണം.
ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ സുധീർ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുൻപും സുധീർ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.