ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം കത്തിപടരുമ്പോള്‍ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ബിഹാറില്‍ ഡിസംബര്‍ 21ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആര്‍.ജെ.ഡിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.
ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന
വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത്, സ്വരാജ് അഭിയാന്‍ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.