കര്‍ഷക ബില്ലിനെതിരെ നടന്ന ദേശീയ ബന്ദ് പൂര്‍ണം

 

പാര്‍ലമെന്‌റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി നടന്ന ദേശീയ ബന്ദ് പൂര്‍ണം. കര്‍ഷക സംഘടനകള്‍ അണിനിരന്ന ദേശീയ പണിമുടക്ക് പഞ്ചാബിലടക്കം ജനജീവിതത്തെ ബാധിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍, ശിരോമണി അകാലിദള്‍, ആര്‍ജെഡി എന്നിവയടക്കമുള്ള കക്ഷികളും കര്‍ഷക ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ അണിനിരന്നു.

പഞ്ചാബിലും ഹരിയാനയിലും വ്യാപക പ്രതിഷേധമുയര്‍ന്നു. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ചണ്ഡിഗഡ്-ഡല്‍ഹി ദേശീയ പാതയും കര്‍ഷകര്‍ ഉപരോധിച്ചു. ബിഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ബില്ലുകള്‍ക്കെതിരെ പ്രകടനം നടത്തി. ബില്ലുകള്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ സഖ്യ സര്‍ക്കാര്‍ അനുവദിക്കില്ലെന്നു സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട് വ്യക്തമാക്കി.

യുപിയിലെ നോയിഡയില്‍ ട്രാക്ടറുകളില്‍ എത്തിയ നൂറുകണക്കിനു കര്‍ഷകരെ ഡല്‍ഹിയിലേക്കു കടത്തിവിടാതെ പൊലീസ് തടഞ്ഞു. ഹരിയാനയില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ജിന്ദ്- ഹിസാര്‍ പാത ഉപരോധിച്ചു. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ജനജീവിതം സ്തംഭിച്ചു.

കര്‍ഷക ബില്ലിനെ കുറിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കര്‍ഷക ബില്ലുകളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നു മോദി പറഞ്ഞു. എന്നാല്‍ പുതിയ ബില്ല് കര്‍ഷകരെ അടിമത്വത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ബില്ലിനെതിരെ പ്രതികരിച്ചു.

Top