കൊല്ലം: പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൊട്ടിയത്ത് കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിവെച്ചു. ജനങ്ങളെ ബോധവല്‍ക്കരിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജില്ലയില്‍ ഏറ്റെടുക്കേണ്ടത് 370 ഏക്കര്‍ സ്വകാര്യ ഭൂമിയാണ്.
കെ റെയിലിന് എതിരെ തഴുത്തല, വഞ്ചിമുക്ക് നിവാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിയത്. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
എന്നാല്‍ അലൈന്മെന്റ് മാറ്റാതെ പദ്ധതിയുമായി മുന്നോട്ട് പോകും. അതിനായി ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ഒപ്പം ജനവാസമില്ലാത്ത മേഖലയില്‍ കല്ലിടുമെന്നും അധികൃതര്‍ പറഞ്ഞു.
ജില്ലയിലെ 15 വില്ലേജുകളിലൂടെ അതിവേഗറയില്‍പാത കടന്നുപോകും.സ്ഥലമേറ്റെടുക്കലുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ തഴുത്തല, തൃക്കോവില്‍വട്ടം വില്ലേജുകളില്‍ മാത്രം 150 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കണം. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് ലഭിക്കുമെന്നാണ് റവന്യൂ അധികൃതരുടെ വാഗ്ദാനം. എന്നാല്‍ പ്രതിഷേധക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല.