ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. രാകേഷ് പാണ്ഡെയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും, എഐഎസ്എയുമാണ് പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന വെറുപ്പിന്റേയും വര്‍ഗീയതയുമാണെന്ന പ്രതികരണവുമായി പ്രതിഷേധം ഉയര്‍ത്തിയത്. രാകേഷ് പാണ്ഡെയെ സസ്‌പെന്‍ഡ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
നേരത്തെ, രാകേഷ് പാണ്ഡെയുടെ പ്രസ്താവനയെ ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ തള്ളിയിരുന്നു. എല്ലാവര്‍ക്കും തുല്യപരിഗണയാണ് നല്‍കുന്നത്. ഈ വര്‍ഷവും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം പൂര്‍ത്തിയാക്കിയതെന്നും രജിസ്ട്രാള്‍ വികാസ് ഗുപ്ത വ്യക്തമാക്കി. ആദ്യ കട്ട് ഓഫ് അനുസരിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ കോളജുകളിലേക്ക് അപേക്ഷിച്ച 60,904 വിദ്യാര്‍ത്ഥികളില്‍ 46,054 പേര്‍ സിബിഎസ്ഇ ബോര്‍ഡില്‍ നിന്നുള്ളവരാണെന്നും രജിസ്ട്രാര്‍ പറഞ്ഞു. മലയാളി വിദ്യാര്‍ത്ഥി അസോസിയേഷന്‍ മൈത്രിയും പ്രതിഷേധ മാര്‍ച്ച് നിശ്ചയിച്ചിട്ടുണ്ട്.