മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു നേരെ ചെരുപ്പേറും കല്ലേറും

SHIVRAJ-SING-CHAUHAN

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു നേരെ ചെരിപ്പും കല്ലും എറിഞ്ഞ് പ്രതിഷേധം. തിങ്കളാഴ്ച മധ്യപ്രദേശിലെ ചുര്‍ഹതില്‍ ജന്‍ ആശിര്‍വാദ് രഥ യാത്രയില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്. റാലിക്കിടെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടിയും കാട്ടി.

പ്രതിപക്ഷ നേതാവ് അജയ് സിംഗാണ് പ്രതിഷേധത്തിനു പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. അജയ് സിംഗിന്റെ മണ്ഡലമാണ് ചുര്‍ഹത്.

കോണ്‍ഗ്രസ് തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുകയാണെന്ന് സംഭവത്തോട് മുഖ്യമന്ത്രി ചൗഹാന്‍ പ്രതികരിച്ചു. അജയ് സിംഗിനെ നേരിട്ടുള്ള ഏറ്റുമുട്ടലിനു വെല്ലുവിളിച്ച മുഖ്യമന്ത്രി, മധ്യപ്രദേശില്‍ ഒരു മുഖ്യമന്ത്രിയും ഇത്ര തരംതാണിട്ടില്ലെന്നു കുറ്റപ്പെടുത്തി. സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെല്ലാം കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ കല്ലേറിലും ചെരിപ്പേറിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെന്ന ആരോപണം അജയ് സിംഗ് നിഷേധിച്ചു. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടില്ലെന്നും ചുര്‍ഹതിലെ ജനങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അജയ് സിംഗ് വ്യക്തമാക്കി.

Top