കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കേരളം കണ്ട ഭീകര കസ്റ്റഡി മരണങ്ങളിലൊന്നായി പൊതു സമൂഹം വിലയിരുത്തുന്ന കേസില്‍ സംഭവം നടന്ന് ഏഴ് ദിവസമായിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കഴിയാത്തതാണ് പ്രതിഷേധം രൂക്ഷമാകാന്‍ കാരണം.
നിയമവിരുദ്ധമയി പ്രവര്‍ത്തിക്കുന്ന റൂറല്‍ എസ്.പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരാണ് ശ്രീജിത്തിനെ രാത്രി വീട്ടില്‍ നിന്നും പിടിച്ച് കൊണ്ട് പോയതെന്ന് വ്യക്തമായിട്ടും നിയമ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങിയിട്ടില്ല. ഇത്തരം സ്‌ക്വാഡുകള്‍ പിരിച്ച് വിടണമെന്ന് 2010ല്‍ തന്നെ ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്.
ലോക്കല്‍ പൊലീസിന്റെ പ്രത്യേകിച്ച് ഗൃഹനാഥന്റെ ആത്മഹത്യ അന്വേഷിക്കുന്ന സി.ഐയുടെ പോലും സാനിധ്യമില്ലാതെ എ.ആര്‍.ക്യാംപിലെ പൊലീസുകാരായ ഈ മൂന്ന് പേര്‍ എന്തിന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു ? ആര് പറഞ്ഞിട്ട് ? എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല.
എസ്.പി അറിയാതെ ഒരു ഇടപെടലും നടത്താന്‍ ടൈഗര്‍ ഫോഴ്‌സിലെ ഈ പൊലീസുകാര്‍ക്ക് കഴിയില്ലന്ന് അറിഞ്ഞിട്ടും ഇതുവരെ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെയും ചോദ്യം ചെയ്തിട്ടില്ല. സംഭവ സ്ഥലത്തില്ലാതിരുന്ന സി.ഐ അടക്കമുള്ളവരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്റ് ചെയ്തതില്‍ മാത്രമായാണ് ഇപ്പോള്‍ നടപടി ഒതുക്കിയിരിക്കുന്നത്.
കസ്റ്റഡിയില്‍ ഉള്ള പ്രതികള്‍ക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം സി.ഐക്ക് ആയിരിക്കുമെന്ന ഡി.ജി.പിയുടെ മുന്‍ ഉത്തരവാണ് സി.ഐക്കെതിരായ നടപടിക്ക് ആധാരം. അതായത് മേലുദ്യോഗസ്ഥന്‍ എന്ത് പന്നത്തരം കാണിച്ചാലും കീഴുദ്യോഗസ്ഥന്‍ അനുഭവിക്കണമെന്ന് സാരം.
ഗൃഹനാഥന്‍ വാസുദേവന്റെ ആത്മഹത്യ അന്വേഷിക്കുന്ന സി.ഐക്ക് ലഭിക്കാത്ത വിവരം എങ്ങനെയാണ് എസ്.പിക്ക് കിട്ടിയത് ? അഥവാ അങ്ങനെ ഒരു വിവരമുണ്ടെങ്കില്‍ തന്നെ സി.ഐയോട് പറഞ്ഞല്ലേ നടപടി എടുപ്പിക്കേണ്ടത് എന്ന ചോദ്യം പൊലീസിനകത്തും സജീവമാണ്.
മരണപ്പെട്ട ശ്രീജിത്തിനെ ആള് മാറി പിടിച്ചതാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. മരിച്ച വാസുദേവന്റെ മകന്‍ വിനീഷ് ശ്രീജിത്തിന്റെയും സജിത്തിന്റെയും പേര് താന്‍ പൊലീസിനോട് പറഞ്ഞിട്ടില്ലന്ന് വ്യക്തമാക്കിയത് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
രണ്ടാമത്തെ മൊഴി എടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോയെന്ന് മാത്രമാണ് പൊലീസ് ചോദിച്ചത്. അക്രമി സംഘത്തില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലന്ന് വിനീഷ് വ്യക്തമാക്കുന്നു.
ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ ഗുരുതരാവസ്ഥയില്‍ ആയതിന് ശേഷം എട്ടാം തിയ്യതി രേഖപ്പെടുത്തിയ മൊഴി പൊലീസ് രേഖകളില്‍ ഏഴാം തിയതിയാക്കി തിരുത്തിയതും വിവാദമായിട്ടുണ്ട്.
പൊലീസ് അല്ല പ്രതിസ്ഥാനത്ത് എങ്കില്‍ എപ്പോഴേ പ്രതികളെ അറസ്റ്റു ചെയ്യുമായിരുന്ന കേസില്‍ ഐ.പി.എസുകാരനായ റൂറല്‍ എസ്.പിയെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ആരോപണം.
എസ്.പിയുടെ ടൈഗർ ഫോഴ്സ് ഓടിച്ച് വെള്ളത്തിൽ വീണ് വരാപ്പുഴയിൽ നേരത്തെ ഒരാൾ മുങ്ങിമരിച്ചിരുന്നു. സക്വാഡിനെതിരെ അന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല.
ഇപ്പോൾ ടൈഗർ ഫോഴ്സ് പിരിച്ചുവിട്ട അധികൃതർ നേരത്തെ അത് ചെയ്തിരുന്നുവെങ്കിൽ ശ്രീജിത്ത് മരണപ്പെടുകയില്ലായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് : എം വിനോദ്