ഡൽഹിയെ കലാപ ഭൂമിയാക്കി മാറ്റിയത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്ത് അനുദിനം ശക്തിപ്പെടുകയാണ്. സമാധാനപരമായി നടക്കേണ്ട സമരത്തെ ചോരയില്‍ മുക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ചില തീവ്ര സംഘടനകള്‍ക്കും വലിയ പങ്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

അക്രമം കാട്ടുന്ന പൊലീസിനെ നാം തള്ളിപ്പറയുമ്പോള്‍ തന്നെ പൊലീസ് നടപടി ചോദിച്ച് വാങ്ങാന്‍ നടത്തുന്ന ആക്രമണത്തെ ഒരിക്കലും കണ്ടില്ലന്ന് നടിക്കാന്‍ കഴിയുകയുമില്ല.

ഡല്‍ഹി തെരുവുകളെ കഴിഞ്ഞ ദിവസം യുദ്ധക്കളമാക്കിയതിന് പിന്നില്‍ ഭീം ആര്‍മിക്കുള്ള പങ്ക് വളരെ വലുതാണ്. ചന്ദ്രശേഖര്‍ ആസാദ് എന്ന ദളിത് നേതാവും അദ്ദേഹത്തിന്റെ അനുയായികളും ബോധപൂര്‍വ്വമാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഏര്‍പ്പാടാണിത്.

മോദിയെ വെല്ലുവിളിച്ചത് കൊണ്ടു മാത്രം ആരും ന്യൂനപക്ഷ സംരക്ഷകരാകില്ല. അവരുടെ ദേഹത്ത് ഒരു പോറലും ഏല്‍ക്കാതെ നോക്കേണ്ട ബാധ്യതയും ഈ സംരക്ഷകര്‍ക്കുണ്ട്.

ഇവിടെ ചന്ദ്രശേഖര്‍ ആസാദും അനുയായികളും നടത്തിയത് തികച്ചും പ്രകോപനപരമായ നീക്കം തന്നെയാണ്.

വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ ആയിരങ്ങളെ ഉപയോഗിച്ച് പ്രതിഷേധമുയര്‍ത്തിയ ചന്ദ്രശേഖര്‍ ആസാദിന്റെ നടപടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുന്നത്.

സ്വന്തം അനുയായികള്‍ക്കൊപ്പം ജനക്കൂട്ടത്തില്‍ നിന്ന ആസാദിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുതറി രക്ഷപ്പെടുകയായിരുന്നു.

‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കി മുഖം മറിച്ചാണ് വീണ്ടും ഇദ്ദേഹം ജനക്കൂട്ടത്തിലെത്തി പ്രകോപനത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്. ഇതാണ് വലിയ രൂപത്തിലുള്ള സംഘര്‍ഷത്തിലും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുന്നതിലും കലാശിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് തീയിട്ടിരിക്കുന്നത്.

സമാധാനപരമായി പ്രതിഷേധിക്കാന്‍ വന്നവരടക്കം അനവധി പേരാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായിരിക്കുന്നത്.

പൊലീസും സിആര്‍പിഎഫും ദ്രുതകര്‍മ സേനയും ഉള്‍പ്പെട്ട സുരക്ഷാ സംഘവും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ പ്രദേശം ചോരക്കളമായി മാറുകയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് ലാത്തിവീശി. തലയ്ക്കു പരുക്കേറ്റ ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തിനിടെ പൊലീസിന്റെ ജലപീരങ്കിയേറ്റ് വീണുപോയവരും ലാത്തിച്ചാര്‍ജിന് ഇരയായിട്ടുണ്ട്. നഗരത്തിലെ 16 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ നിന്നു ജന്തര്‍ മന്തറിലേക്കു നടത്താനിരുന്ന പ്രകടനത്തിനു പൊലീസ് നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് കര്‍ശന പരിശോധനയ്ക്കു ശേഷമാണ് ആളുകളെ പ്രാര്‍ഥനയ്ക്കായി മസ്ജിദിലേക്കു കടത്തിവിട്ടിരുന്നത്.

പൊലീസിന്റെ കണ്ണുവെട്ടിച്ച് കവാടത്തിനകത്തേക്കു കടന്ന ആസാദും അനുയായികളും ജനക്കൂട്ടത്തെ പ്രതിഷേധ സാഗരമാക്കി മാറ്റുകയാണുണ്ടായത്.

ചന്ദ്രശേഖര്‍ ആസാദ് എന്ന ‘രാവണ്‍’ ദലിതരുടെ ഉന്നമനത്തിനായി യുപിയില്‍ പ്രവര്‍ത്തിക്കുന്ന ഭീം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനാണ്. മുപ്പത്തിമൂന്ന് വയസ്സ് മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. സമീപകാലത്ത് ഉത്തരേന്ത്യയില്‍ നടന്ന ദലിത് സമരങ്ങളുടെ മുന്‍നിരപ്പോരാളിയുമാണ്. സഹാറന്‍പുരില്‍ ദലിതരും രജ്പുത്ത് വിഭാഗക്കാരും തമ്മില്‍ 2017ല്‍ നടന്ന കലാപത്തെത്തുടര്‍ന്ന് അറസ്റ്റിലായ ആസാദ് പിന്നീട് ജയിലില്‍ അടക്കപ്പെട്ടു.

ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലുടനീളം പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതാണിപ്പോള്‍ ഡല്‍ഹിയെ കലാപ ഭൂമിയാക്കിയിരിക്കുന്നത്.

ചന്ദ്രശേഖര്‍ ആസാദിനെ പോലെയുള്ളവരാണ് ഈ രാജ്യത്തിന്റെ ആപത്ത്. കലാപത്തിന് തിരികൊളുത്തി പിന്നീട് ഓടി രക്ഷപ്പെടുക എന്നത് ഇയാളുടെ മുന്‍കാല ചരിത്രം കൂടിയാണ്.

ഇവിടെ നാം കണ്ടു പഠിക്കേണ്ടത് കേരളത്തിലെ ജനങ്ങളെയാണ്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടക പോലും സംഘര്‍ഷത്തില്‍ വിറക്കുമ്പോള്‍ തികച്ചും സമാധാനപരമായ പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നത്.

ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും ഒറ്റക്കെട്ടായി തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം തന്നെ ഒരു മാതൃകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത ഇത്തരത്തിലൊരു പ്രതിഷേധം മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. പൗരത്വ നിയമനത്തിനെതിരെ പതിനായിരങ്ങള്‍ കേരളത്തിലും തെരുവിലിറങ്ങിയിട്ടുണ്ട്. പക്ഷേ അവരാരും നിയമം കയ്യിലെടുത്തിട്ടില്ല. ഒരു പൊതുമുതലും നശിപ്പിച്ചിട്ടില്ല. കേരളത്തിന്റെ പൊതുബോധത്തിന്റെ കരുത്താണിത്.

തീവ്ര സ്വഭാവമുള്ള സംഘടനകളെ മാറ്റിനിര്‍ത്തിയാണ് ഇടതുപക്ഷവും എസ്.എഫ്.ഐയുമെല്ലാം സമരം ചെയ്യുന്നത്. ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുമ്പോള്‍ തന്നെ ന്യൂനപക്ഷ തീവ്രവാദത്തെയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമാണത്. തീവ്ര നിലപാടുള്ള സംഘടനകള്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ അതീവ ജാഗ്രത പാലിക്കേണ്ടത് പ്രതിഷേധക്കാരാണ്. നിങ്ങളുടെ ഇടയില്‍ നിന്ന് ഒരു തീപ്പൊരി വീണാല്‍ പോലും അത് ആളിക്കത്തും. വൈകാരികമായി സമരത്തില്‍ അണി ചേരുന്നവരുടെ വികാരങ്ങള്‍ പൊട്ടിത്തെറിക്കാനാണ് അത് വഴിവയ്ക്കുക.

മന: പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് കഴിയേണ്ടതുണ്ട്.

ഏത് പൊലീസുകാരന്‍ പ്രകോപനം ഉണ്ടാക്കിയാലും അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ കാള പെറ്റു എന്ന് കേട്ട മാത്രയില്‍ കയറെടുക്കാന്‍ ആരും തന്നെ പോകരുത്. പൊലീസുകാരും സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ക്കും ഉണ്ട് ജാതിയും മതവും രാഷ്ട്രീയവും എല്ലാം. എന്നാല്‍ കാക്കി ധരിച്ച് കഴിഞ്ഞാല്‍ അവര്‍ നിയമം മാത്രം നടപ്പാക്കാനാണ് ബാധ്യസ്ഥരായിട്ടുള്ളത്. ചുവപ്പ് കണ്ട കാളയുടെ അവസ്ഥയില്‍ ഒരിക്കലും കാക്കിയെ സമീപിക്കരുത്. അത് നാട്ടില്‍ അരാജകത്വമാണ് സൃഷ്ടിക്കുക.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവയ്പ്പില്‍ ഉള്‍പ്പെടെ നിരവധി പേരാണ് മരിച്ചിട്ടുള്ളത്. അനേകം പേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ പൊലീസുകാര്‍ വരെ ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടുമുണ്ട്. എന്നിട്ട് പ്രതിഷേധം രാജ്യത്ത് തുടരുക തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി സുപ്രീം കോടതിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അതുവരെ സമാധാനപരമായ പ്രതിഷേധത്തിനാണ് ജനങ്ങള്‍ തയ്യാറാവേണ്ടത്.

കേരളവും ബംഗാളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തിനേറെ ബിജെപിയുടെ സഖ്യകക്ഷി ഭരിക്കുന്ന ബീഹാറില്‍ പോലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി ഈ നിലപാടുകള്‍ക്ക് സാധൂകരണം ഉണ്ടെങ്കിലും ഇല്ലങ്കിലും ഇതിനൊപ്പമാണ് പ്രതിഷേധക്കാരും നില്‍ക്കേണ്ടത്. അതല്ലാതെ നിയമം കയ്യിലെടുത്ത് കലാപം സൃഷ്ടിക്കാന്‍ അക്രമികള്‍ക്ക് ഒരിക്കലും പ്രചോദനം നല്‍കിക്കൂടാ. അത്തരമൊരു നീക്കം രാജ്യത്തെ തന്നെയാണ് ഇല്ലാതാക്കുക. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

ഇതുവരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് മാത്രം 90 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്. ആകെയുള്ള നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീവെക്കുകയും ചെയ്തിട്ടുണ്ട്. 72.19 കോടി രൂപയുടെ നാശനഷ്ടം കിഴക്കന്‍ റെയില്‍വേയ്ക്കുമുണ്ടായി.

ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായത്. വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ നഷ്ടം 2.98 കോടി രൂപയാണ്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 85 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Express View

Top