കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പരാമർശങ്ങളിൽ അതൃപ്തിയുമായി സമസ്ത. സലാമിന്റെ വിവാദ പരാമർശങ്ങളിൽ സാദിഖലി തങ്ങളെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് സമസ്ത. ഇതിനായി മുശാവറയിൽ 4 പേരെ ചുമതലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ സലാം നടത്തിയ പരാമർശം വിവാദമായിരിക്കെ ഇന്ന് മുശാവറ യോഗം കോഴിക്കോട് ചേർന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ സമസ്ത പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇതിൽ പ്രതിഷേധമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
പിഎംഎ സലാമിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം തള്ളിയ ലീഗിനെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുശാവറ ചർച്ച ചെയ്യുമെന്നാണ് കരുതിയത്. മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ എല്ലാമായി എന്ന് ചിന്തിക്കുന്നവർക്ക് തട്ടം വിവാദത്തിൽ എന്ത് പറയാനുണ്ടെന്നായിരുന്നു സലാമിന്റ പരാമർശം.
വിവാദമായ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്തയ്ക്ക് എതിരല്ല മുസ്ലീം ലീഗ് എന്ന വിശദീകരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി. സമസ്താ അധ്യക്ഷൻ ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നുവെന്നും ഇവരെ അതേ രീതിയിൽ നേരിടാൻ മുസ്‌ലിം ലീഗിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. തട്ടം വിവാദത്തിൽ കുരുങ്ങി കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുകയാണ്. അതിനു ചിലർക്ക് നക്കാപിച്ച കിട്ടികാണും. ജിഫ്രി തങ്ങൾ മുസ്ലിം ലീഗിനെതിരെ നിലപാട് എടുക്കുന്ന ആളല്ലെന്നും സമസ്ത അടക്കം ഒരു സംഘടനകൾക്കും ലീഗ് എതിരല്ലെന്നും സലാം വ്യക്തമാക്കി.
സമസ്തയും ലീഗുമായി പ്രശ്നമില്ലെന്ന് എംകെ മുനീറും കോഴിക്കോട് പ്രതികരിച്ചു. സാദിഖലി തങ്ങൾ പറഞ്ഞതാണ് പാർട്ടി നിലപാട്. മുസ്ളീം ലീഗിന്റെ അന്തിമ വാക്ക് സാദിഖലി തങ്ങളാണ്. സമസ്ത – ലീഗ് ബന്ധത്തിൽ ഒരിക്കലും വിള്ളലുണ്ടാകില്ല. തനിക്ക് എന്തെങ്കിലും അഭിപ്രായം പറയണമെങ്കിലും സാദിഖലി തങ്ങളുടെ ആശിർവാദം വേണമെന്നും എംകെ മുനീർ പറഞ്ഞു.