കത്ത് വിവാദം; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമായി. മഹിളാകോൺഗ്രസ്,യൂത്ത് കോൺഗ്രസ്,ബി.ജെ.പി എന്നിവരുടെ പ്രതിഷേധമാണ് കോർപറേഷന് മുന്നിൽ നടന്നത്.

സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെ കോർപറേഷൻ റോഡിൽ സംഘർഷമുണ്ടായി. കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ജെ.ബി മേത്തർ എംപിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ ഗോബാക്ക് വിളികളുമായി എത്തി.

ജെ.ബി മേത്തർ എംപിയുടെ നേതൃത്വത്തിലായിരുന്നു മഹിള കോൺഗ്രസിന്റെ പ്രതിഷേധം. ‘കട്ട പണവുമായി മേയർകുട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളൂ’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മഹിളാ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം നടത്തിയത്.

അതേസമയം, കത്ത് വിവാദത്തിൽ മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ആര്യാരാജേന്ദ്രന് കോടതി നോട്ടീസ് അയച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്.

Top