കൊച്ചി: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയുണ്ടെന്ന് സമ്മതിച്ച് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. പൊലീസ് സേനയെ ഉപയോഗിച്ച് വരെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
ശബരിമലയില്‍ ഇഷ്ടംപോലെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്, ഒരു കുഴപ്പവുമില്ല എന്നു വരുത്തിത്തീര്‍ത്ത് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ബലം കിട്ടുന്നതിനു വേണ്ടിയുള്ള കള്ളക്കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇത്തരം കള്ളക്കളികള്‍ പിണറായി വിജയനേപ്പോലെ ഒരാളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും രാഹുല്‍ അറിയിച്ചു. വേറെ പത്തു സ്ത്രീകള്‍ കയറിയെന്നും ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്നുമുള്ള വാദം പച്ചക്കള്ളമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയുടെ ഇടപെടലാണ് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ എന്നും രാഹുല്‍ ആരോപിച്ചു. ജാതി രാഷ്ട്രീയം നിലവില്‍ കളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കില്‍ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദര്‍ശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാന്‍സ്‌ജെന്‍ഡറുകളെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടി കയറ്റാതെ പിന്‍ ഗേറ്റിലൂടെ ദര്‍ശനത്തിന് കൊണ്ടു പോകില്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.