കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മര്‍ദ്ദനം; നിയമ സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: കെ.എസ്.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. കെ.എം. അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദനമേല്‍ക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

ചേദ്യോത്തരവേള നിര്‍ത്തി വെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെയ്ക്കാന്‍ ആവില്ലെന്നും ഇതേവിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരിശോധിക്കാമെന്നാണ് മന്ത്രി എകെ ബാലന്‍ മറുപടി നല്‍കിയത്.

കേരള യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.

Top