കവരത്തി: ലക്ഷദ്വീപില്‍ കടുത്ത നടപടികള്‍ തുടര്‍ന്ന് അഡ്മിനിസ്‌ട്രേഷന്‍. കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധം നടത്തിയ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സന്ദര്‍ശക വിലക്ക് നടപ്പാക്കി തുടങ്ങിയതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തിയേക്കുമെന്നാണ് സൂചന.
ലക്ഷദ്വീപ് കളക്ടര്‍ അസ്‌കറലിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്.
പ്രതിഷേധം കാണാനെത്തിയവരെക്കൂടി പൊലീസ് പിടികൂടുകയാണെന്നാണ് അറസ്റ്റിലായവരുടെ ആരോപണം. നേരത്തെ അറസ്റ്റിലായ 23 പേരെ റിമാന്‍ഡ് ചെയ്ത് കില്‍ത്താനിലെ ഓഡിറ്റോറിയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കൊവിഡ് മാനദണ്ഡം പാലിച്ച് ഇവരെ താമസിപ്പിക്കാന്‍ സെല്ലുകളില്‍ സൗകര്യമില്ലാത്തതിനാലാണ് നടപടി. അതേസമയം, ഇന്നലെ വന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശകവിലക്ക് നടപ്പാക്കി തുടങ്ങി.
നിലവില്‍ സന്ദര്‍ശക പാസില്‍ ദ്വീപില്‍ തങ്ങുന്നവരോട് ഉടനടി മടങ്ങാനാണ് നിര്‍ദേശം. പ്രതിഷേധം ശക്തമായതിന് ശേഷം ആദ്യമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുമെന്നാണ് സൂചന.