ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും

കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. നിലവിലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റ് ആയി ചുമതലയേറ്റതിനാലാണ് നടപടി. പുതിയ പ്രധാനമന്ത്രിയെ നിർദേശിക്കാൻ വിക്രമസിംഗെ സ്പീക്കറോട് ആവശ്യപ്പെട്ടു.

സർക്കാരിനും പ്രതിപക്ഷത്തിനും സമ്മതനായ പുതിയ പ്രധാനമന്ത്രിയെ നിർദേശിക്കാനാണ് സ്പീക്കർ മഹിന്ദ യാപ അഭയവർധനയോട് വിക്രമസിംഗെ ആവശ്യപ്പെട്ടിരിക്കുന്നത്.

റെനിൽ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ച ശേഷമാണ് ഗോതബായ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നത്. മാലിദ്വീപിൽ അഭയം പ്രാപിച്ച രജപക്‌സെയ്ക്ക് എതിരെ അവിടെയും പ്രതിഷേധമുണ്ടായതായാണ് റിപ്പോർട്ട്. ഇന്ന് രാത്രിയോടെ സിംഗപ്പൂരിലേക്ക് കടക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ വിക്രമസിംഗെ സൈന്യത്തിന് പൂർണ അധികാരം നൽകി. കര,നാവിക,വ്യോമസേന തലവൻമാരെയും പൊലീസ് മേധാവിയേയും ചേർത്ത് സമാധാനം പുനസ്ഥാപിക്കാനായി പുതിയ സമിതി രൂപീകരിച്ചു.

ക്രമസാമാധാന പാലനത്തിന് വേണ്ടിയുള്ള തീരുമാനങ്ങൾ ഈ സമിതിക്ക് സ്വീകരിക്കാം. ഇവരുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടാകില്ല. കൊളംബോയിലേക്ക് വരുന്ന ട്രെയിൻ സർവീസുകളും നിർത്തിയിട്ടുണ്ട്.

Top