ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
അക്രമാസക്തരായ പ്രതിഷേധക്കാര്‍ സ്‌കൂളിന് സമീപത്തെ മദ്യശാലയ്ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.
കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.
നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും, അറസ്റ്റിലായ ബസ് കണ്ടക്ടര്‍ മാത്രമല്ല കുറ്റവാളിയെന്നും, വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം.
കഴിഞ്ഞ വെള്ളിയാഴച രാവിലെയാണ് കുട്ടിയെ കഴുത്തറുത്ത നിലയില്‍ ബാത്‌റൂമില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്‌റൂമിനു പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു.
ഈ കുട്ടിയുടെ നിലവിളികേട്ട് ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സകൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ നടപടി ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവും മറ്റ് രക്ഷിതാക്കളും രംഗത്തെത്തിയത്.
സ്‌കൂളിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് വരുണ്‍, ഗുര്‍ഗാവ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു. മാത്രമല്ല, സ്‌കൂളിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലമാറ്റുകയും ചെയ്തു.