ന്യൂഡല്‍ഹി: ജെഎൻയുവിലെ വൈസ് ചാന്‍സിലറെ മാറ്റണമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ. രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും പിന്തുണ സമരത്തിന് നൽകണമെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി.
സമരത്തിന്റെ ഭാവി പദ്ധതികൾ ആലോചിക്കാൻ യൂണിയൻ രാത്രി യോഗം വിളിച്ചു. വിസിയെ മാറ്റണമെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷനും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷന് അറിയിച്ചു.
ഫീസ് വര്‍ധനവിലും ഏകപക്ഷീയമായി ഡ്രസ് കോഡ് കൊണ്ടുവന്നതിലും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന സമരം ഇന്ന് ശക്തമാവുകയായിരുന്നു.
സമരം കനത്തതോടെ ക്യാമ്പസിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുപോകാനാവാതെ ക്യാമ്പസില്‍ കുടുങ്ങി. ഏഴ് മണിക്കൂറിന് ശേഷമാണ് ഇവര്‍ക്ക് ക്യാമ്പസില്‍ നിന്ന് പുറത്തിറങ്ങാനായത്.