മണിപ്പൂരിലെ വിദ്യാര്‍ത്ഥികളുടെ കൊലപാതകം; 4 പേരുടെ അറസ്റ്റിനു പിന്നാലെ ചുരാചന്ദ്പൂരില്‍ പ്രതിഷേധം ശക്തം

ഇംഫാല്‍: മണിപ്പൂരിലെ മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചുരാചന്ദ്പൂരില്‍ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ചുരാചന്ദ്പൂര്‍ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിട്ടുണ്ട്. ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ട്. ഇവിടത്തെ ഇന്റര്‍നെറ്റ് നിരോധനവും അഞ്ച് ദിവസത്തേയ്ക്ക് നീട്ടിയിരിക്കുകയാണ്.

മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരില്‍ നിന്നുള്ളവരാണ്. ഇവരെ ഗുവാഹത്തിയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ഡയറക്റ്റര്‍ അജയ് ഭത്‌നഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

പ്രതികള്‍ പിടിയിലായ വിവരം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആണ് എക്‌സില്‍ കുറിച്ചത്. ”ഞങ്ങള്‍ക്ക് പ്രതികളെ പിടികൂടാനായില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സിബിഐ ഉദ്യോഗസ്ഥരെ ഇങ്ങോട്ടേയ്ക്ക് അയച്ചു. സിബിഐ സ്ഥലത്ത് എത്തിയതിന് ശേഷം സംസ്ഥാന പൊലീസിനെക്കൂടാതെ ആര്‍മി, അര്‍ദ്ധസൈനിക സേന, അസം റൈഫിള്‍സ്, എന്നിവയുടെ പിന്തുണയോടെയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇത് വലിയ നേട്ടമാണ്”. – മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് വ്യക്തമാക്കുന്നു.

4 പേരെ അറസ്റ്റ് ചെയ്തതിന് പുറമേ സംശയമുള്ള 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് ഇംഫാലില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളെ ജൂലൈ 6 ന് ആണ് കാണാതായത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ എന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Top