ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ വിവാദം. പഞ്ചാബ് ,പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് 50 കിലോമീറ്ററായി പരിധി വ!ര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പഞ്ചാബും പശ്ചിമ ബംഗാളും വിമര്‍ശിച്ചപ്പോള്‍ അസം സ്വാഗതം ചെയ്തു.
പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധിയിലുള്ള സ്ഥലം ഇതുവരെ അതിര്‍ത്തിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ആയിരുന്നു. ഇത് 35 കിലോ മീറ്റര്‍ കൂട്ടി അന്‍പത് കിലോമീറ്റര്‍ ആക്കി വ്യാപിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ബിഎസ്ഫിന്റെ പ്രവര്‍ത്തന സൗകര്യം വര്‍ധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയാനുമാണ് നടപടിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.
ദൂരപരിധി വ്യാപിപ്പിച്ച സാഹചര്യത്തില്‍ ബിഎസ്എഫിന് പഞ്ചാബ്, ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ 50 കിലോമീറ്റര്‍ പ്രദേശത്ത് റെയ്ഡ് നടത്തുന്നതിനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഉണ്ടാകും. കേന്ദ്ര സേനകളിലൂടെ ഇടപെടല്‍ നടത്താനുള്ള ഉദ്ദേശമാണ് കേന്ദ്രസര്‍ക്കാരിനെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
നടപടി കേന്ദ്രആഭ്യന്തരമന്ത്രാലയം പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയും ആവശ്യപ്പെട്ടു. ദൂരപരിധി വ്യാപിപ്പിച്ചതോടെ പഞ്ചാബിന്റെ പകുതിയോളം സ്ഥലം ബിഎസ്എഫിന്റെ കീഴില്‍ ആയതായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അസം സ്വാഗതം ചെയ്തു.
ദേശീയ താല്‍പ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. ഇതിനിടെ അതിര്‍ത്തി സംസ്ഥാനമായ ഗുജറാത്തില്‍ ബിഎസ്ഫിന്റെ കീഴിലുള്ള സ്ഥലം എണ്‍പത് കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. എണ്‍പത് കിലോമീറ്റര്‍ ആവശ്യമില്ലെന്ന പുതിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.