ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്കെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തം

പാരീസ്: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്കെതിരെ ഫ്രാൻ‌സിൽ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം.

സീസി ഭരണത്തില്‍ ഈജിപ്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.

ആംനസ്റ്റി ഇന്റര്‍നാഷന്ല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ നിരവധി മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.

പ്രക്ഷോഭം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഫ്രാന്‍സിലെത്തുന്ന വേളയിലാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.

ഇന്നു മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സീസി ഫ്രാന്‍സിലെത്തുന്നത്. ഈജിപ്തില്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തവരുടെ ബന്ധുക്കളും സീസി ഭരണത്തിനെതിരെ പൊട്ടിത്തെറിച്ചു.

ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അധികാരം പിടിച്ചത്.

തുടർന്ന് ജനങ്ങൾക്ക് നേരെ ശക്തമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങലുമാണ് ഈജിപ്തില്‍ അരങ്ങേറിയിരുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ പ്രക്ഷോഭകരും മാധ്യമപ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് സീസി ഭരണത്തില്‍ കൊല്ലപ്പെടുകയോ ജയിലിലാക്കപ്പെടുകയോ ചെയ്തിട്ടുള്ളത്.

മനുഷ്യാവകാശവും ജനാധിപത്യവും അംഗീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫ്രാന്‍സ് സീസിയെപ്പോലൊരു ഏകാധിപതിക്ക് സ്വീകരണമൊരുക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഫ്രാന്‍സിലെത്തുന്ന ഈജിപ്ത് പ്രസിഡന്റുമായി മനുഷ്യാവകാശം സംബന്ധിച്ച് സംസാരിക്കുമെന്ന് കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

Top