ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുടെ പെല്ലറ്റ് തോക്ക് പ്രയോഗത്തില്‍ 15കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം.
കഴിഞ്ഞ ദിവസം കശ്മീരിലെ ഹര്‍വാനില്‍ പ്രതിഷേധ പ്രകടനത്തിനിടെ സുരക്ഷാസേനയുടെ പെലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ അല്‍ത്താഫ് ആണ് മരിച്ചത്.
എന്നാല്‍ ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചത് വളരെ ദൂരെ നിന്നാണെന്നും ഇത് മരണകാരണമാകില്ലെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.
അതേസമയം, കശ്മീരിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിസ്ബുല്‍ കമാന്‍ഡര്‍ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടങ്ങിയത്.
സംഘര്‍ഷങ്ങളില്‍ ഇതുവരെ 85 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 71ആം ദിവസവും കാശ്മീരില്‍ ജനജീവിതം തടസപ്പെട്ടിരുന്നു.