തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. തിരുവനന്തപുരത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചേക്കും.പ്രമേയം പാസാക്കാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നതെങ്കില്‍ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ബദല്‍ നിയമം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
തിരുവനന്തപുരത്ത് സംയുക്തകര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഭരണപക്ഷ എംഎല്‍എമാരോടും മന്ത്രിമാരോടും പരിപാടിക്ക് എത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുമെന്നാണ് സൂചന.രാവിലെ നിയമസഭയില്‍ എത്താന്‍ അംഗങ്ങളോട് പ്രതിപക്ഷവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് തുടര്‍ പരിപാടികള്‍ തീരുമാനിക്കും.