ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നു. പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി.
ഡല്‍ഹി ജുമാമസ്ജിദിന് മുന്നില്‍നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പള്ളിക്ക് മുന്നില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ക്കൊപ്പം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ചേര്‍ന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്.